Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി നിയമസഭയിൽ ഇടതുമുന്നണി അംഗം ജോബ് മൈക്കിൾ.
സബ്മിഷനായാണ് ചങ്ങനാശേരി എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് ഒരു കാര്യവും സബ്മിഷനു മറുപടി നല്കിയ ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി അബ്ദു റഹ്മാൻ സഭയിൽ അറിയിച്ചില്ല.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോർട്ടിൽ 284 പ്രധാന ശിപാർശകളും 45 ഉപശിപാർശകളുമാണ് ഉള്ളതെന്നും ഈ ശിപാർശകൾ 36 വകുപ്പുകൾ മുഖേനെ നടപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 17 വകുപ്പുകൾ ലഭ്യമായ ശിപാർശ പൂർണമായും 17 വകുപ്പുകൾ ഭാഗികമായും നടപ്പിലാക്കി.
നിലവിൽ പ്രാബല്യത്തിലുള്ള കേന്ദ്ര സംസ്ഥാന നിയമങ്ങൾ, ചട്ടങ്ങൾ, കോടതി ഉത്തരവുകൾ എന്നിവയിൽ മാറ്റം വരുത്തിയാലോ, മറ്റു വകുപ്പുകളിൽ നിന്നും സമ്മതപത്രം ലഭ്യമാക്കിയാലോ നടപ്പാക്കാൻ കഴിയുന്നവയും, സാന്പത്തിക ബാധ്യത ഉണ്ടാവുന്ന പക്ഷം അത് പരിഹരിക്കുന്നതിന് ഫണ്ട് വകയിരുത്തുകയോ ചെയ്യേണ്ട ശിപാർശകളും മാത്രമാണ് നടപ്പിലാക്കാൻ ബാക്കിയുള്ളതെന്നാണ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കേണ്ടതെന്ന് ജെ.ബി. കോശി കമ്മീഷൻ നല്കിയ 40 ശിപാർശകളിൽ 33 എണ്ണവും നടപ്പാക്കിയതായി മന്ത്രി വ്യക്തമാക്കി. റവന്യു വകുപ്പ് നടപ്പാക്കേണ്ട 47 ശിപാർശകളിൽ 14 എണ്ണം നടപ്പാക്കിയതായി ആണ് മന്ത്രി നിയമസഭയെ അറിയിച്ചത്.
35 വകുപ്പുകളിലായി 220 ശിപാർശകൾ നടപ്പിലാക്കിയെന്നുമാണ് മന്ത്രി സബ്മിഷനു മറുപടിയായി നല്കിയ രേഖയിൽ വ്യക്തമാക്കുന്നത്. അപ്പോഴും ജസ്റ്റീസ് ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ മാത്രം മന്ത്രി നിയമസഭയിൽ ഒരു പരാമർശവും നടത്തിയില്ല.
Education
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കെഎഎസ് (ജൂനിയര്‍ ടൈം സ്കെയില്‍) (ട്രെയിനി) തെരഞ്ഞെടുപ്പിനായുള്ള അന്തിമ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സ്ട്രീം ഒന്നില്‍ (കാറ്റഗറി നമ്പര്‍ 001/2025) തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി എ.എസ്. ദേവനാരായണന് ഒന്നാം റാങ്കും തിരുനനന്തപുരം പട്ടം സ്വദേശി എം.സിദ്ധാര്‍ഥ് ജോയ് രണ്ടാം റാങ്കും കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ആല്‍ബര്‍ട്ട് ഏബ്രഹാം മൂന്നാം റാങ്കും നേടി.
സ്ട്രീം 2ല്‍ (കാറ്റഗറി നമ്പര്‍ 002/2025) തൃശൂര്‍ സ്വദേശിനി സി.എസ്. സവിത ഒന്നാം റാങ്കും എറണാകുളം കിടങ്ങൂര്‍ സ്വദേശി ജോര്‍ജ്കുട്ടി ജേക്കബ് രണ്ടാം റാങ്കും തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അഫീന ഗുലാം മൂന്നാം റാങ്കും നേടി.
സ്ട്രീം മൂന്നില്‍ (കാറ്റഗറി നമ്പര്‍ 003/2025) പത്തനംതിട്ട കോന്നി സ്വദേശി രജീഷ് ആര്. നാഥ് ഒന്നാം റാങ്കും എറണാകുളം സ്വദേശി അജ്മല്‍ സി. മൊയ്തീന് രണ്ടാം റാങ്കും തിരുവനന്തപുരം തിരുമല സ്വദേശി ജോസ് തോമസ് മൂന്നാം റാങ്കും നേടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം.
24, 08,503 പേർ പട്ടികയിൽനിന്ന് പുറത്തായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്.
ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം 6 പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാംഗ്മൂലവും സമർപ്പിക്കണം. വിദേശത്തുള്ളവർക്കു പേരു ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ജനുവരി 22 വരെ പരാതികൾ നൽകാമെന്നും ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ ഉൾപ്പെടും. 8.16 ലക്ഷം പേർ താമസം മാറി. 1.36 ലക്ഷം പേരുടെ പേര് ഒന്നിൽ കൂടുതലുണ്ടെന്നും കണ്ടെത്തി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വോട്ടർപട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.